ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്താൻ ഒരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ് . കുടുംബശ്രീയുമായി കൈകോർത്താണ് ഇത് നടത്തുന്നത്. ആന്റിബയോട്ടിക്കുകൾ സ്ഥിരമായി കഴിച്ചാൽ പിന്നീട് സാധാരണ അണുബാധയ്ക്കുപോലും അത് ഫലിക്കാതെവരുന്ന അവസ്ഥയ്ക്കെതിരേ ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും ബോധവത്കരിക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ, മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകൾ വീണ്ടും വാങ്ങിക്കഴിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം മുമ്പേ നടത്തിരുന്നു. ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റോറുകൾക്കും കർശനമാർഗനിർദേശവും കൊടുത്തിരുന്നു. അത് താഴേത്തട്ടിൽ എത്തിക്കാനാണ് കുടുംബശ്രീയെ കൂട്ടുപിടിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 17 മുതൽ ഒരാഴ്ച എ.എം.ആർ. ബോധവത്കരണം നടത്തും. പഞ്ചായത്തുതലത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിൽനിന്നും സാമൂഹ്യവികസനസമിതി കൺവീനർമാർക്ക് ആരോഗ്യവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. ശേഷം ഇവരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ ചർച്ചചെയ്ത് പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൃഗങ്ങൾക്കും ആൻറിബയോട്ടിക്കുകൾ നൽകുമ്പോൾ സമാനമായ ശ്രദ്ധവേണം. അതും ബോധവത്കരണത്തിൽപ്പെടും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് പുറമേ പൊതുവായ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തനമായ ‘ആഹാരപോഷണ ആരോഗ്യശുചിത്വ’ത്തിനും കുടുംബശ്രീയുടെ പിന്തുണ ആരോഗ്യവകുപ്പ് തേടുന്നുണ്ട്.