ദീപാവലി ആഘോഷത്തിനിടയിൽ പടക്കം പൊട്ടി 20 ക്കാരന് കൈപ്പത്തി നഷ്ടമായി. തിരുവന്താനപുരം മുല്ലുർ തലയ്ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് ദാരുണാമായ അപകടം സംഭവിച്ചത്. തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസഭാഗങ്ങൾ വേർപ്പെട്ടുപോയതിനെ തുടർന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. നയനും സുഹൃത്തുക്കളും വീട്ടുമുറ്റത്ത് വിവിധ തരത്തിലുളള പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും ഇത് പൊട്ടിയിരുന്നില്ല. തുടർന്ന് എല്ലാവരും മറ്റുപടക്കങ്ങൾ പൊട്ടിച്ചു. ഈ സമയത്താണ് റോഡിലൂടെ ലോറി കടന്നുവരുന്നത് നയന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഓടിച്ചെന്ന് നേരത്തെ പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കവെ ഇത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർക്കാൻ കഴിയാത്തനിലയിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.