ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളജിൽ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽകണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ കർശന പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപു മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകി.
വിവിധ സ്‌പെഷാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽനിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്നും നിയോഗിക്കും. മെഡിക്കൽ കോളജുകളിൽനിന്നു വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും എത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികൾ നവംബർ 1 മുതൽ പ്രവർത്തിക്കും. ബാക്കിയുള്ളവ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താൽക്കാലിക ഡിസ്പെൻസറിയുണ്ടാകും. മതിയായ ആംബുലൻസ് സൗകര്യങ്ങളും ക്രമീകരിക്കും.
അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കും. കോട്ടയം മെഡിക്കൽ കോളജിലും തീർഥാടകർക്കായി മികച്ച സൗകര്യമുണ്ടാകും.
പമ്പ മുതൽ സന്നിധാനം വരെയുള്ള കാൽനടയാത്രയിൽ തീർഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രയ്ക്കിടയിൽ 15 സ്ഥലങ്ങളിൽ സ്ഥാപിക്കും. കാനനപാതയിൽ 4 എമർജൻസി സെന്ററുകളും തുടങ്ങും. ഹൃദയാഘാതം സംഭവിക്കുന്ന തീർഥാടകർക്കായി ഓട്ടമേറ്റഡ് എക്സ്‌റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാരേ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.