കൽപറ്റയിൽ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മംനൽകിയ യുവതിയുടെ വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. 29-കാരി ലക്ഷ്മിസാഹിക്കാണ് തിങ്കളാഴ്ച ആംബുലൻസിൽ സുഖപ്രസവം നടന്നത്. പ്രസവവേദനയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ 11.40-നാണ് ഭർത്താവ് ശിവം ബഹദൂർഷാഹിയുമൊത്ത് യുവതി ഓട്ടോറിക്ഷയിൽ വാളാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. യുവതിയുടെ സ്ഥിതി ഗുരുതരമായതിനാൽ യുവതിയോടൊപ്പം ഡോക്ടറും, നഴ്സുമാരും, ഹെൽത്ത് ഇൻസ്പെക്ടറും ആംബുലൻസിൽ ഉണ്ടായിരുന്നു. ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽത്തന്നെ യുവതി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. നേപ്പാൾ സ്വദേശികളായ ദമ്പതിമാർ വട്ടോളി കോഴിഫാമിലെ തൊഴിലാളികളാണ്.