പ്രായമാവരിൽ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന് കണ്ടെത്തി ഗവേഷകർ

പ്രായമാവരിൽ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന് കണ്ടെത്തി ഗവേഷകർ. ജപ്പാനിലെ ഒസാക്കയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കിറ്റാനോ ഹോസ്പിറ്റലിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പല്ലിന്റെ വളർച്ചയെ തടയുന്ന പ്രോട്ടീനായ യൂട്രൈൻ സെൻസിറ്റൈസേഷൻ-അസോസിയേറ്റഡ് ജീൻ-1ന്റെ ഉത്പാദനം പരിമിതപ്പെടുത്തുന്ന മരുന്നാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. എലികളിലും ഫെറെറ്റ്‌സുകളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചു. പല്ലുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് ഈ മരുന്ന് ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്രിമമായി പല്ലുവെച്ചുപിടിപ്പിക്കുന്നതിന് പകരം പല്ലുമുളപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാർഗം കൂടിയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കറ്റ്‌സു തകഹാഷി വ്യക്തമാക്കി. യുഎസ്എജി-1ന്റെ ഉത്പാദനം കുറയ്ക്കുന്നത് പല്ലിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. പല്ല് നഷ്ടപ്പെടുകയോ ജന്മനാ ഇല്ലാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നങ്ങളുള്ളവർക്ക് കണ്ടുപിടിത്തം ഒരു പരിധിവരെ സഹായമാകും. പ്രശ്‌നം പൂർണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും പല്ലുകൾ വീണ്ടും വളർന്നുവെന്നത് വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മനുഷ്യരിൽ ഈ മരുന്നിന്റെ പരീക്ഷണം ഈ വർഷം ആരംഭിക്കും. ഒരു അണപ്പല്ലെങ്കിലും നഷ്ടപ്പെട്ട 30നും 64നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരിലാണ് പരീക്ഷണം നടത്തുന്നത്. 11 മാസത്തെ പരീക്ഷണമാണ് നടത്തുന്നത്. ഈ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയാൽ രണ്ടിനും ഏഴിനും ഇടയിൽ പ്രായമുള്ള, വളർച്ചയിലെ അപാകതകൾ കാരണം ഒന്നിലധികം പല്ലുകൾ നഷ്ടപ്പെട്ട കുട്ടികളിലും പരീക്ഷണം നടത്താൻ ഗവേഷകർ ലക്ഷ്യമിടുന്നു.