കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല – സുപ്രീം കോടതി

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണമെന്നും ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതിനെ ചോദ്യം ചെയ്തും ലഭിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി. മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടുന്ന കാര്യത്തിലോ ഇടപെടില്ലെന്ന് അറിയിച്ചുകൊണ്ട് സുപ്രീം കോടതി ഹർജി തീർപ്പാക്കി.

സാമ്പത്തിക കാര്യങ്ങളിൽ നീതിന്യായ വകുപ്പ് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സർക്കാരാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനവും മുൻഗണനകളും എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നൽകി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, പിഴപ്പലിശ ഈടാക്കരുതെന്നുമുള്ള ഹർജികൾ സുപ്രീംകോടതിയിൽ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇത് തിരികെ നൽകാൻ നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസർക്കാരും, റിസർവ് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY