അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത്‌ വൈറസ് വ്യാപനം

അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത്‌ വൈറസ് വ്യാപനം. ചെറുപ്രാണികൾ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയിൽനിന്നും തെക്കേ അമേരിക്കയിൽ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവിൽ രോഗം സ്ഥീരീകരിച്ചത്. ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളിൽനിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് അധികൃതർ നിർദേശം നൽകി. രോഗവ്യാപനം ആരംഭിച്ചതിനേത്തുടർന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഓഗസ്റ്റ് മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി ഒന്നിനും ഓഗസറ്റ് ഒന്നിനുമിടയിൽ 8000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും രണ്ടുപേർ മരിച്ചതായും സി.ഡി.സി റിപ്പോർട്ട് ചെയ്തു. ബ്രസീൽ, ബൊളീവിയ, പെറു, കൊളംബിയ,
ക്യൂബ എന്നീ രാജ്യങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ലോത്ത്, അണ്ണാൻ പോലുള്ള മൃഗവർഗങ്ങളിൽ നിന്ന് കൊതുക്, മറ്റ് പ്രാണികൾ എന്നിവയിലേക്കും പിന്നീട് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് സ്ലോത്ത് ഫീവർ.