ഗുജറാത്തിൽ കൂടുതൽ ജില്ലകളിലേക്ക് ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്

ഗുജറാത്തിൽ കൂടുതൽ ജില്ലകളിലേക്ക് ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇരുപതുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇതെന്ന് വിദ​ഗ്ധർ പറയുന്നു. മരിച്ചവരിലേറെയും കുട്ടികളും കൗമാരക്കാരുമാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 59 കുട്ടികളെയാണ് ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 19 കുട്ടികൾ ​മരണപ്പെട്ടുവെന്നും ​ഇവരെല്ലാം ​ഗുജറാത്ത് സ്വദേശികളാണെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞമാസം മുപ്പത്തിയെട്ട് കുട്ടികളാണ് രോ​ഗം ബാധിച്ച് മരിച്ചത്. പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് രോ​ഗബാധിതരിൽ ഏറെയും. മരണനിരക്ക് കൂടുതലായതിനാൽ തന്നെ ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ രോ​ഗബാധിതരായി മരണപ്പെടുകയും ചെയ്തിരുന്നു. രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.