ന്യുഡല്‍ഹി: സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ചത്.
ഇത്തരം റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. ആന്ധ്രയില്‍നിന്നും തെലുങ്കാനയില്‍നിന്നുമായി ഇത്തരം 10 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വികാസ് സ്വരൂപ് അറിയിച്ചു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള സൗദിയില്‍ മൂന്നുമുതല്‍ നാലുവരെ സ്വാഭാവിക മരണങ്ങള്‍ ദിവസവും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.