നിപ രോഗ വ്യാപനം തടയായാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യ മന്ത്രി

നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയവരാണ് ഇരുവരും. അതേസമയം നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 7200 ലധികം വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകൾ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കും. രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങൾ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളിൽ നിപ്പയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി എടുക്കും എന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യ മന്ത്രി. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.