നട്ടെല്ലിലെ കുഴപ്പങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സർജൻമാർക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. ഏറെക്കാലമായി നിലനിൽക്കുന്ന സംശയം ദൂരീകരിച്ചു കൊണ്ടാണ് ശാസ്ത്രീയമായ നിലപാട്. കമ്മിഷന് കീഴിൽ പ്രവർത്തിക്കുന്ന എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങൾക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ അനിവാര്യമായി വരാറുള്ളത്. ഇത്തരം ശസ്ത്രക്രിയകൾ നിർവഹിക്കാനുള്ള യോഗ്യത ആർക്കാണെന്ന കാര്യത്തിൽ പലയിടത്തും തർക്കങ്ങൾ നിലനിന്നിരുന്നു. എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് കഴിഞ്ഞ നവംബറിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.