സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന പ്രശസ്ത ഗായിക അൽക്ക യാഗ്‌നിക്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രോ​ഗമുക്തി ആശംസിച്ച് പ്രമുഖർ

തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന പ്രശസ്ത ഗായിക അൽക്ക യാഗ്‌നിക്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രോ​ഗമുക്തി ആശംസിച്ചിരിക്കുകയാണ് സോനു നി​ഗവും ഇള അരുണും. എന്തോ ഒന്ന് ശരിയല്ലെന്നൊരു തോന്നൽ തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് സോനു നി​ഗത്തിന്റെ പ്രതികരണം. താൻ തിരിച്ചുവന്നാലുടൻ അൽകയെ സന്ദർശിക്കുമെന്നും ദൈവം സഹായിച്ച് രോ​ഗാവസ്ഥയിൽനിന്ന് വേ​ഗത്തിൽ മുക്തയാവട്ടെയെന്നും സോനു നി​ഗം കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു വാർത്ത കേൾക്കാനിടവന്നതിൽ അതിയായ വിഷമമുണ്ടെന്ന് ഇള അരുൺ പ്രതികരിച്ചു. “ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ട് റിയാക്ഷൻ ഇട്ടശേഷമാണ് ആ കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകർന്നുപോയി. പക്ഷേ ദൈവത്തിന്റെ അനു​ഗ്രഹവും, ഇപ്പോഴുള്ള മികച്ച ഡോക്ടർമാരും സഹായിച്ച് നിങ്ങൾ അതിവേ​ഗത്തിൽ തിരിച്ചുവരും. ഞങ്ങൾ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേൾക്കും എന്നും ഇള കൂട്ടിച്ചേർത്തു.