30 ശതമാനം ഇന്ത്യക്കാർ ഒരു തവണ പോലും രക്തസമ്മർദം പരിശോധിക്കാത്തവരെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്- നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് റിസർച്ചുമാണ് പഠനത്തിന് പിന്നിൽ. മുപ്പത്തിനാലു ശതമാനം ഇന്ത്യക്കാരും രക്തസമ്മർദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേജിലുള്ളവരാണെന്നും പഠനത്തിലുണ്ട്. രക്തസമ്മർദ്ദം കൃത്യ സമയത്ത് പരിശോധിക്കാതെ പോവുകവഴി, മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കുമെന്നും പഠനത്തിൽ പറയുന്നു. പതിനെട്ടിനും അമ്പത്തിനാലിനും ഇടയിൽ പ്രായമുളള 7 ലക്ഷത്തിൽ അധികം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരിൽ ഹൈപ്പർടെൻഷൻ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദ്രോഗങ്ങളിലേക്കു നയിക്കുന്നതിനാൽ കൂടുതൽ കരുതലോടെ സമീപിക്കേണ്ട വിഷയമാണിതെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്റേണൽ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.