മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ,
തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശാനുസരണം ഇന്റേണൽ വിജിലൻസ് ഓഫീസർമാർ,അസിസ്റ്റൻറ് ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. ഫയർ എക്സ്റ്റിംഗ്യൂഷറുകൾ സ്ഥാപിച്ചിട്ടുണ്ടോ, അപകട സാഹചര്യങ്ങളിൽ അഗ്നിശമന വാഹനം എത്തിച്ചേരുന്നതിന് ആവശ്യമായ വഴി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ, ഷോർട്ട് സർക്യൂട്ട് ഉണ്ടാകാത്ത തരത്തിൽ വയറിങ് നടത്തിയിട്ടുണ്ടോ, ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ടോ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വ്യക്തമാക്കി.