ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രോണിക് കിഡ്നി രോഗംമൂലം മരണപ്പെടുന്നവരുടെ നിരക്ക് അമ്പതു ശതമാനം കൂടിയതായി പഠനത്തിൽ ഗവേഷകർ വ്യക്തമാക്കി. മാത്രമല്ല അഞ്ചിലൊരാൾ എന്ന നിലയിൽ ക്രോണിക് കിഡ്നി ഡിസീസ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. വൃക്കയിൽ കല്ലുള്ള രോഗികളിലും ക്രോണിക് കിഡ്നി രോഗത്തിനുള്ള സാധ്യത കൂടുന്നതായി പഠനത്തിൽ കണ്ടെത്തി. വൃക്കയിൽ കല്ലുള്ളവരുടെ എണ്ണം വർധിക്കുന്നതിനു പിന്നിൽ ജനിതകഘടകങ്ങൾക്കൊപ്പം തന്നെ ജീവിതശൈലിയും കാരണമാണെന്നാണ് പഠനം പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക, ഉദാസീനമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയവയൊക്കെ വൃക്കരോഗങ്ങൾ വർധിപ്പിക്കാനിടയാക്കുന്ന കാരണങ്ങളാണ്. ഉപ്പും പഞ്ചസാരയും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗത്തിലും നിയന്ത്രണം വേണം. ഈ ഭക്ഷണപദാർഥങ്ങൾ മൂത്രത്തിലെ ധാതുക്കളിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. പകരം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ആഹാരരീതിയിൽ ധാരാളമായി ഉൾപ്പെടുത്തണമെന്നും പഠനം നിർദ്ദേശിക്കുന്നു.