കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകൾ അനുഭവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിതരായ 207 ഇന്ത്യക്കാരെ പൾമനറി ഫങ്ഷൻ ടെസ്റ്റുകൾ, ആറ് മിനിറ്റ് നീളുന്ന നടത്തം, ചെസ്റ്റ് റേഡിയോഗ്രഫി, ചോദ്യാവലി എന്നിവ വഴിയാണ് പഠനത്തിന് വിധേയരാക്കിയത്. ശ്വാസതടസ്സം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചു വേദന, ക്ഷീണം, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, ഇടക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിന് വിധേയമാക്കിയ ആളുകളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ. മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ-രൂക്ഷമാണെന്ന് പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു.