രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷൻ എന്താണെന്ന് നോക്കാം

ബ്ലഡ് പ്രഷർ നമ്മുടെ നിത്യജീവിതത്തിൽ സ്ഥിരം കേൾക്കുന്ന ഒരു കാര്യമാണല്ലേ. ബിപി കൂടിയാലും കുറഞ്ഞാലും അപകടമാണെന്നും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ അവസ്ഥകളെക്കുറിച്ച് എത്ര പേർക്ക് ശരിയായി അറിയാം? രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ.

ക്രോണിക്ക് രോഗങ്ങളിലെ രാജാവെന്നറിയപ്പെടുന്ന രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷൻ എന്താണെന്ന് നമുക്ക് നോക്കാം. മിക്കവർക്കും അറിയാമെങ്കിലും പലരും ഹൈപ്പർ ടെൻഷനെക്കുറിച്ച് ബോധവാന്മാരല്ല. പ്രധാനമായും രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. രോഗങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണെങ്കിലും 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുള്ളു. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 35 % ഇൽ താഴെ പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ

ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട് :
ഒന്നാമത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സമയത്ത് ചികിൽസിച്ചില്ലെങ്കിൽ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്. രണ്ടാമത്, രക്താതിസമ്മര്‍ദ്ദത്തെ തുടർന്ന് വരാൻ സാധ്യതയുള്ള രോഗങ്ങളാണ് ഹൃദയാഘാതം, പക്ഷാഘാതം അഥവാ സ്ട്രോക്ക്, റെറ്റിനോപ്പതി, അതായത് കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍, തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ), വൃക്കയെബാധിക്കുന്ന നെഫ്രോപ്പതി എന്നിവ.

120 / 80 mm Hg
ഒരു ഹോസിലൂടെന്നപോലെ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന പ്രഷര്‍ – മര്‍ദ്ദം- ആണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇതിനു ഹൃദയത്തിന്റെ താളത്തിലുള്ള മിടിപ്പുമായി ബന്ധമുണ്ട്.
ശ്വാസകോശത്തില്‍ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചുകൊണ്ട് വരുന്ന രക്തം ആദ്യം നിറയുന്നത് ഹൃദയത്തിലാണ്. ഹൃദയം ഈ ശുദ്ധരക്തത്തെ അയോര്‍ട്ട അതായത് മഹാധമനി എന്നു പേരുള്ള വലിയ രക്തക്കുഴലിലൂടെ ശക്തിയായി പുറത്തേക്ക് വിടുന്നു. മഹാധമനി എന്ത് ചെയ്യും? അതിൽ നിന്ന് ശാഖകള്‍ പോലെ ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന ചെറിയ ധമനികളും രക്തക്കുഴലുകളുമായി പിരിഞ്ഞു പിരിഞ്ഞ് ശരീരത്തിലെ ഓരോ അവയവത്തിലെയും ഓരോ കോശത്തിലേക്കും ഓക്സിജനും പോഷകങ്ങളുമെത്തിക്കുന്നു.
ഓരോ പ്രാവശ്യം ഹൃദയം മിടിക്കുമ്പോഴും അതില്‍ നിറഞ്ഞ രക്തത്തെ മഹാധമനി വഴി ശക്തിയായി പുറത്തേയ്ക്ക് വിടുന്നുവെന്നു പറഞ്ഞല്ലോ. ആ ശക്തി മൂലം രക്തക്കുഴലുകളുടെ ഉള്‍വശത്ത് അനുഭവപ്പെടുന്ന പ്രഷറിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ എന്ന് വിളിക്കുക. 120/80 എന്ന് ബി.പി അളന്ന് എഴുതുന്നതില്‍ മുകളിലത്തെ 120 എന്ന സംഖ്യ സിസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരില്‍ ഇത് 100 മുതല്‍ 139 വരെ വരാം.

താഴെ എഴുതുന്ന 80 എന്ന സംഖ്യ ഡയസ്റ്റോളിക് രക്തസമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്നുപറഞ്ഞാല്‍ ഹൃദയം രക്തം പമ്പുചെയ്യുന്നതിനു മുന്‍പ് ആ‍ദ്യം വികസിക്കുമെന്ന് പറഞ്ഞല്ലോ; അതിന്റെ അറകളിലേക്ക് അപ്പോള്‍ രക്തം വന്നു നിറയുന്ന പ്രക്രിയയെയാണ് ഡയസ്റ്റോളി എന്ന് വിളിക്കുക. ഈ സമയത്ത് ശരീരത്തിലെ രക്തക്കുഴലുകള്‍ തനിയ അടഞ്ഞുപോകാതിരിക്കാനായി ആ കുഴലുകളില്‍ നിലനിര്‍ത്തപ്പെടുന്ന ഒരു പ്രഷര്‍ ഉണ്ട്. അതാണ് ഈ ഡയസ്റ്റോളിക് പ്രഷര്‍. ഇത് പ്രധാനമായും ചില ഹോര്‍മോണുകളാല്‍ നിലനിര്‍ത്തപ്പെടുന്ന ഒന്നാണ്. സാധാരണയായി ഇത് 60 മുതല്‍ 80 വരെയാകാം.

മെര്‍ക്കുറി (Hg) നിറച്ച സ്ഫിഗ്മോ-മാനോ-മീറ്റര്‍ ഉപയോഗിച്ചാണല്ലോ നമ്മൾ ബി.പി അളക്കുക. ഇതില്‍ വായു അടിച്ചുകയറ്റാവുന്ന ഒരു റബര്‍ കഫ് ഇണ്ടാകും. അത് കൈയ്യില്‍ കെട്ടി വായു പമ്പ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈയ്യിലെ പ്രധാന രക്തക്കുഴലായ ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ കുറച്ചു നിമിഷത്തേക്ക് രക്തമോടാത്ത വിധത്തില്‍ പൂര്‍ണ്ണമായും ഞെരുക്കുകയാണ് ചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ കൈയ്യിലെ നാഡിമിടിപ്പ് ഒരു പോയിന്റില്‍ തീരെയില്ലാതാകുന്നു. രക്തയോട്ടം പൂര്‍ണ്ണമായി നിന്നുവെന്നര്‍ത്ഥം. ഈ പോയിന്റില്‍ മെര്‍ക്കുറി എത്ര ഉയരത്തിലാണൊ സ്ഫിഗ്മോമാനോമീറ്ററില്‍ കാണുന്നത് അതാണ് സിസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റില്‍ നിന്നും മെല്ലെ വായു നിറച്ച കഫില്‍ നിന്ന് വായുവിനെ തുറന്നു വിടുമ്പോള്‍ കൈയിലെ അടഞ്ഞുനില്‍ക്കുകയായിരുന്ന രക്തക്കുഴലിലേക്ക് രക്തം വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇത് കൈമുട്ടിന്റെ മടക്കില്‍ ഒരു സ്റ്റെതസ്കോപ്പ് വെച്ചാൽ കേൾക്കുന്ന വ്യത്യസ്തമായ ശബ്ദം മുഴുവനായി നില്‍ക്കുന്ന പോയിന്റാണ് ഡയസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റ് കടന്നാല്‍ കൈയ്യിലെ രക്തക്കുഴലിലൂടെ രക്തയോട്ടം പൂര്‍ണ്ണമായും പുനരാരംഭിക്കും.

കാരണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചാല്‍ രക്താതിസമ്മര്‍ദം രണ്ട് തരത്തിലുണ്ട് : സാധാരണ രക്താതിസമ്മര്‍ദം അഥവാ പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്‍. പിന്നെ, അസാധാരണ രക്താതിസമ്മര്‍ദം അഥവാ ദ്വിതീയ ഹൈപ്പര്‍ടെന്‍ഷന്‍.
ഇതില്‍ സാധാരണ രക്താതിസമ്മര്‍ദം ആണ് 95% രോഗികളിലേതും. ഈ ടൈപ്പ് രക്തസമ്മര്‍ദത്തിനു കൃത്യമായ ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല – അതായത് ഒട്ടനവധി കാരണങ്ങള്‍ പല പല കോമ്പിനേഷനുകളില്‍ വന്നു നിറയുമ്പോഴാണ് ബി.പി ക്രമാതീതമാകുന്നതെന്ന് . പ്രാഥമിക രക്താതിസമ്മര്‍ദം എന്നത് ഒരാളുടെ ജീനുകളില്‍ എഴുതപ്പെട്ടിട്ടുള്ള സംഗതിയാണ്. ആ ജീനുകളുടെ പ്രഭാവത്തെ ഉണര്‍ത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നതോ, നമ്മുടെ ജീവിതശൈലിയും പിന്നെ ചുറ്റുപാടുകളുമായി ശരീരം പ്രതികരിക്കുന്ന രീതിയും.

പൊതുവായ കാരണങ്ങളില്‍ ചിലതു നോക്കാം :
1. മഹാധമനിയിലേയും അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷര്‍ നില്‍ക്കുന്നതെന്നു പറഞ്ഞല്ലോ. രക്തമൊഴുകുമ്പോള്‍ ഈ കുഴലുകള്‍ ഇലാസ്റ്റിക് പോലെ വലിയുകയും വികസിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ പ്രഷര്‍ നോര്‍മലായി തന്നെ ഇരിക്കും. എന്നാല്‍ ജീനുകളുടെ പ്രത്യേകതമൂലം ഈ ഇലാസ്റ്റിക് സ്വഭാവത്തിനു മാറ്റം വരാം – അതായത് രക്തക്കുഴലുകള്‍ സ്വല്പം കട്ടി കൂടിയതാകാം. ഇന്ത്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഈ പ്രശ്നം പ്രധാനമാണ്. കാരണം പൊതുവേ നമ്മളുടെ രക്തക്കുഴലുകളുടെ തുള ചെറുതാണ്. ഈ ശാരീരികാവസ്ഥ ബി.പി രോഗത്തെ വേഗം വിളിച്ചുവരുത്തുന്നു.

2. നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും. 55 വയസില്‍ താഴെ പ്രായമുള്ളവരില്‍ ബീ.പി കൂടാന്‍ ഇതൊരു പ്രധാന കാരണമാണ്.

3. മേല്‍പ്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണുകളുടെ അമിത പ്രഭാവവും രക്താതിസമ്മര്‍ദവുമൊക്കെ സാരമായി ബാധിക്കുന്ന അവയവമാണ് കിഡ്ണി(വൃക്ക). രക്തത്തില്‍ നിന്നുള്ള ഉപ്പും ആഹാരദഹനത്തിനു ശേഷമുള്ള പാഴ് രാസവസ്തുക്കളും വെള്ളവുമൊക്കെ ചേര്‍ത്താണ് വൃക്കകള്‍ മൂത്രം ഉണ്ടാക്കുന്നത്. മൂത്രത്തിലെ ഉപ്പിന്റെ അളവ് പ്രധാനമാണ്. വൃക്കയിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ അവിടുത്തെ രക്തക്കുഴലുകളില്‍ ആഞ്ജിയോ ടെന്‍സിന്‍, റെനിന്‍, ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മ്മോണുകള്‍ കേറിയങ്ങു കൂടും. ഈ ഹോര്‍മോണുകള്‍ ‘എടപെട്ടാല്‍’ വൃക്ക പതുക്കെ മൂത്രത്തിലൂടെ ഉപ്പ് കളയുന്ന പരിപാടി നിര്‍ത്തിവയ്ക്കും. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടന്നാലോ, രക്തസമ്മര്‍ദ്ദം കൂടുതലുയരുകയും ചെയ്യും. വൃക്കയിലേക്ക് രക്തയോട്ടം കുറയാന്‍ മേല്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ മതി.

4. ഉപ്പെന്നാല്‍ സോഡിയം ക്ലോറൈഡ് (NaCl ). ഇതിലെ സോഡിയം തന്മാത്ര (Na+) ശരീരകോശങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ചില രക്തസമ്മര്‍ദ രോഗികളില്‍ കാണാറുണ്ട്. ഈ സോഡിയത്തിന് ഒരു സൂക്കേടുണ്ട് – പോകുന്നിടത്തൊക്കെ കാല്‍ഷ്യത്തെയും കെട്ടിയെടുക്കും. കാല്‍ഷ്യമാകട്ടെ (Ca++) മസിലുകളില്‍ കയറിയാല്‍ മസില്‍ പെരുകും. രക്തക്കുഴലുകളിലും ഉണ്ട് ഇങ്ങനത്തെ മസിലുകള്‍. കാല്‍ഷ്യം കേറിയാല്‍ അവറ്റകള്‍ ‘ബലം പിടിക്കും’ – ഫലമോ, രക്തക്കുഴലിലിന്റെ ഇലാസ്റ്റിക സ്വഭാവം മാറും….പിന്നെ എല്ലാം നേരത്തെ പറഞ്ഞപോലെ.
വെറുതേയിരിക്കുമ്പോഴേ സോഡിയത്തിന് ഇമ്മാതിരി തരികിട പരുപാടി ഉണ്ട്. അപ്പോ പിന്നെ ആവശ്യത്തിലധികം ഉപ്പ് കൂട്ടുന്നവരോ ? എല്ലാ കറികളിലും കൂടെ ഒരു ദിവസം പരമാവധിയുപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത് 6 – 7 ഗ്രാം ഉപ്പ് ആണ്. അതിന്റെ സ്ഥാനത്ത് അച്ചാറും പപ്പടവും മോരും ഒക്കെയായി ശരാശരി ദക്ഷിണേന്ത്യക്കാരന്‍ ഉപയോഗിക്കുന്നത് 14 ഗ്രാം… ഇതിൽ കൂടുതൽ ഇനി എന്ത് വേണം?

5. അസാധാരണ രക്തസമ്മര്‍ദം എന്നറിയപ്പെടുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. കിഡ്ണിയുടെ മുകളില്‍ ഒട്ടിയിരിക്കുന്ന രണ്ട് ഗ്രന്ഥികളുണ്ട് – അഡ്രീനല്‍ ഗ്രന്ഥികള്‍. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ചില കുഞ്ഞു ട്യൂമറുകള്‍ ആണ് പ്രധാ‍നമായും അസാധാരണ രക്തസമ്മര്‍ദ്ദത്തിനു കാരണമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

അസുഖം എങ്ങനെയാണ് കണ്ടുപിടിക്കുന്നത്
നിങ്ങള്‍ തലകറക്കമോ കടുത്ത തലവേദനയോ തലപ്പെരുപ്പോ ഒക്കെയായി ഡോക്ടറെ കാ‍ണാന്‍ ചെന്നാല്‍ സാധാരണ ആദ്യം ഡോക്ടര്‍ ബി.പി നോക്കുകയാണ് ചെയ്യുക. ഇതുകൊണ്ടാണോ എന്നറിയില്ല, പലരും പൊതുവെ കരുതിയിരിക്കുന്നത് തലവേദനയും തലകറക്കവും തലപ്പെരുപ്പുമൊക്കെയുണ്ടേല്‍ ബി.പി കൂടിയതാണ് അത് എന്നാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ മാത്രം ബി.പി ക്കുള്ള മരുന്നുകഴിക്കുന്ന രോഗികളും ഉണ്ട് ! മറ്റു ചിലര്‍ കരുതുന്നത് നാഡി മിടിപ്പ് പരിശോധിച്ചാല്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടോയെന്നു പറയാനാവും എന്നാണ്.

സത്യത്തില്‍ രക്താതിസമ്മര്‍ദ്ദം ഉള്ള ഒരാള്‍ക്ക് സാധാരണ നിലയ്ക്ക് ഒരു ലക്ഷണത്തിലൂടെയും അത് അറിയാന്‍ സാധിക്കില്ല. അസാധാരണ രക്താതിസമ്മര്‍ദ്ദം എന്ന വിഭാഗത്തിലുള്ള ചില അപൂര്‍വരോഗങ്ങളില്‍ മാത്രമേ ബി.പി കൂടുമ്പോള്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറുള്ളൂ.

എന്നാല്‍ ഏതവസ്ഥയിലും രക്തസമ്മര്‍ദ്ദം വളരെ കൂടുതലാകുമ്പോള്‍ (ഉദാ: 220/120 mm Hg ഒക്കെ) കടുത്ത തലവേദന, മന്ദത, മനം പുരട്ടല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട് കേട്ടോ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ രക്താതിസമ്മര്‍ദം ഒരു ‘തോന്നല്‍‘ അല്ല. ‘സ്ഫിഗ്മോ’ ഉപയോഗിച്ച് ബി.പി എടുക്കുക എന്നതുമാത്രമാണ് ‘പ്രഷറിന്റെ അസുഖം’ ഉണ്ടോന്ന് അറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം.
അതോണ്ട് കൂട്ടുകാരെ, ചെറിയൊരു തുക കൊടുത്ത് ഒരു നേഴ്സിംഗ് ഹോമില്‍ ചെന്നിട്ടായാലും മതി – ബി.പി. ആറു മാസം കൂടുമ്പോഴെങ്കിലും അളന്നു നോക്കൂ.രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധികള്‍ ചെയ്യൂ… മന:സമാധാനത്തോടെ ഉറങ്ങൂ !