വൈറ്റമിനുകളും മിനറലുകളും നമുക്ക് ആവശ്യം തന്നെ

വൈറ്റമിനുകളും മിനറലുകളും നമുക്ക് ആവശ്യം തന്നെ. അതുകൊണ്ടുതന്നെ ഇവ അടങ്ങിയ ഗുളികകൾ പലരും കഴിക്കാറുണ്ട്. പക്ഷേ മരുന്നുകളിലൂടെ മാത്രമല്ല, സമ്പുഷ്ടമായ ആഹാരം കഴിക്കുക വഴിയും എല്ലാ വൈറ്റമിനുകളും നമുക്ക് ലഭിക്കും എന്ന കാര്യം ഞാൻ ഇവിടെ ഓർമ്മിപ്പിക്കുകയാണ്. ഇതിനു ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് നമുക്ക് നോക്കാം

വൈറ്റമിൻ എ (ബീറ്റ കരോട്ടിൻ)

കാരറ്റ്, മധുരക്കിഴങ്ങുകൾ , ഗ്രീൻ പെപ്പർ തുടങ്ങിയവയിൽ ബീറ്റ കരോട്ടിൻ ധാരാളമായി ഉണ്ട് . വൈറ്റമിൻ എ ആയി ശരീരത്തിനുള്ളിൽ ചെന്ന് ബീറ്റ കരോട്ടിൻ രൂപാന്തരം പ്രാപിക്കും. കാഴ്ചക്ക് മികവേകുക, രോഗ പ്രതിരോധം വർദ്ധിപ്പിക്കുക , ചർമ്മത്തിന് കാന്തി കൂട്ടുക തുടങ്ങിയ കാര്യങ്ങൾ ഈ വൈറ്റമിൻ ചെയ്യുന്നുണ്ട്.

കാത്സിയം

നമ്മുടെ ശരീരത്തിനാവശ്യമായ കാത്സ്യം പാല് , തൈര് , നെയ്യ് തുടങ്ങിയവയിൽ നിന്നും ലഭിക്കും . എല്ലുകളുടെ ശക്തിക്ക് കാത്സ്യം അത്യന്താപേക്ഷിതം ആണ്. ചിലർക്ക് ഇവ ഇഷ്ടമല്ല. അങ്ങിനെ ആണെങ്കിൽ ഗുളികയോ കാത്സ്യം അടങ്ങിയ കൊമേർസ്യൽ ആഹാരങ്ങൾ തുടങ്ങിയവയോ കഴിക്കാം. മൂത്രത്തിൽ കല്ലുള്ളവർ കാത്സ്യം ഗുളികകൾ കഴിക്കാതെ ഇരിക്കുന്നത് ആവും നല്ലത്. ഗുളിക രൂപത്തിൽ ആണ് നിങ്ങൾ കാത്സ്യം കഴിക്കുന്നതെങ്കിൽ അത് അഞ്ഞൂറ് മില്ലി ഗ്രാമിൽ കൂടുതൽ ആവരുത് എന്നാണു വിദഗ്ദർ പറയുന്നത്

ഫോളിക് ആസിഡ്

ശിശുക്കളിൽ നട്ടെല്ലിനെ ബാധിക്കുന്ന ജന്മ വൈകല്യങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന വൈറ്റമിനാണ്‌ ഇത്. ഇതിന്റെ കുറവുണ്ടെങ്കിൽ ഹൃദ്രോഗം, രക്ത സംബന്ധമായ ക്രമക്കേടുകൾ , വിഷാദ രോഗം തുടങ്ങിയവ വരാമെന്ന് കരുതപ്പെടുന്നു. പച്ചക്കറികൾ , നാരങ്ങ ,ഓറഞ്ച് തുടങ്ങിയവയിൽ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു.

അയൺ

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവായാൽ അനീമിയ ഉണ്ടാകും. അയണിന്റെ കുറവ് ഗർഭകാലത്ത് കൂടുതലായി കാണപ്പെടുന്നു. മാംസം അടങ്ങിയ ആഹാരത്തിലാണ് അയൺ കൂടുതലായും അടങ്ങിയിരിക്കുന്നത് . പച്ചക്കറികളിലും അയണിന്റെ അംശം അടങ്ങിയിട്ടുണ്ട് .

വൈറ്റമിൻ സി

രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ വൈറ്റമിൻ സി സഹായിക്കും. നാരങ്ങ ഇനത്തിലുള്ള പഴ വർഗ്ഗങ്ങൾ , ബ്രോക്കോളി , ഗ്രീൻ പെപ്പർ തുടങ്ങിയവയിൽ ഈ വൈറ്റമിൻ ധാരാളം കണ്ടു വരുന്നു.

വൈറ്റമിൻ ഡി

കാത്സ്യം ശരീരത്തിൽ ആഗിരണം ചെയ്യുവാൻ ഈ വൈറ്റമിൻ ആവശ്യമാണ്‌. എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനു ഇത് വേണം. സൂര്യ പ്രകാശം ഇതുണ്ടാക്കാൻ ശരീരത്തെ സഹായിക്കും.ചിട്ടയായ ജീവിത രീതിയും ആഹാര ക്രമവും ഒരു പരിധി വരെ അസുഖങ്ങൾ തടയാൻ നമ്മെ സഹായിക്കും.