ജനങ്ങളുടെ ആരോഗ്യത്തിനു ആഗോള തലത്തിൽതന്നെ ഭീഷണി ഉയർത്തുന്ന ഒരു പ്രശ്നമാണ് ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുമെന്ന് ലോകാരോഗ്യ സംഘടന

ജനങ്ങളുടെ ആരോഗ്യത്തിനു ആഗോള തലത്തിൽതന്നെ ഭീഷണി ഉയർത്തുന്ന ഒരു പ്രശ്നമാണ് ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുമെന്ന് ലോകാരോഗ്യ സംഘടന. ഏകാന്തതയെ നേരിടാനും മനുഷ്യർ തമ്മിൽ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഒരു പുതിയ കമ്മീഷന് ലോകാരോഗ്യ സംഘടന രൂപം നൽകി.

ഏകാന്തതയെന്ന ആഗോള മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളെ കുറിച്ചും സാമൂഹിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ജനങ്ങളെ സഹായിക്കുന്ന നയസമീപനങ്ങളെ കുറിച്ചും കമ്മീഷൻ പഠിക്കും. സാമൂഹിക ബന്ധങ്ങളിൽ ഉണ്ടാകുന്ന ഇടിവ് മോശം മാനസികാരോഗ്യത്തിനു കാരണമാകുമെന്നും ഉത്കണ്ഠയ്ക്കും വിഷാദത്തിനും ആത്മഹത്യയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ദിവസം 15 സിഗരറ്റ് പുകയ്ക്കുന്നതിനു സമാനമായ പ്രശ്നങ്ങളാണ് ഏകാന്തത ശരീരത്തിന്റെ ആരോഗ്യത്തിനു നൽകുന്നതെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് നാലിൽ ഒരാളെന്ന കണക്കിൽ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് 142 രാജ്യങ്ങളിൽ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നു.