ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായപ്പോഴും നായ്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് തെരുവു നായയുടെ കടിയേറ്റു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ വീടിന് സമീപത്തുവെച്ചാണ് സംഭവം.
പുലര്‍ച്ചെ കേരള ഹൗസിന് സമീപത്ത് നടക്കാനിറങ്ങിയപ്പോഴാണ് എം.എല്‍.എയെ നായ്കള്‍ ആക്രമിച്ചത്. ഇവിടെ തന്നെയാണ് മനേകാ ഗാന്ധിയുടെ വസതിയും. പട്ടികടിയില്‍ ഇടതുകാലിന് പരിക്കേറ്റ എം.എല്‍. എ ചികിത്സയിലാണ്.
നായ്കളെ കൊല്ലാന്‍ പാടില്ലെന്ന് ശക്തമായി നിലപാടെടുത്ത എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി തെരുവുനായ വിഷയത്തില്‍ വാര്‍ത്തകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റായിരിക്കുന്ന സമയത്ത് മൃഗസ്നേഹികളെ പങ്കെടുപ്പിച്ച് തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ അദ്ദേഹം പ്രതിഷേധ പരിപാടിയും നടത്തിയിടുണ്ട്.
എന്തായാലും കടി കിട്ടിയതോടെ എം.എല്‍.എയുടെ മനസ്സുമാറി. മേനക ഗാന്ധി രാത്രി പുറത്തിറങ്ങാത്തതുകൊണ്ടാവാം ഇതൊന്നും കാണാത്തതെന്നും, കേരളത്തില്‍ മാത്രമാണ് തെരുവ് നായ്കള്‍ മനുഷ്യരെ ആക്രമിക്കുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞെന്നുമാണ് എം.എല്‍.എയുടെ ഇപ്പോഴത്തെ നിലപാട്.