ചീത്ത കൊളസ്‌ട്രോൾ തോത് വളരെയധികം കുറയുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സിയോൾ: ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും സൂങ്‌സില്‍ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ് ഫോര്‍ ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ് വകുപ്പും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി കൊറിയയിലെ 30നും 75നും ഇടയില്‍ പ്രായമുള്ള 2.43 ദശലക്ഷം പേരുടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോതും ഹൃദ്രോഗസാധ്യതയും വിലയിരുത്തി. എല്‍ഡിഎല്‍ തോത് 70 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററിനു താഴെയുള്ളവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തി. എല്‍ഡിഎല്‍ കുറയുന്നവരില്‍ നീര്‍ക്കെട്ട് വര്‍ധിക്കുന്നതാകാം ഹൃദയാഘാത, പക്ഷാഘാത സാധ്യത കൂട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടിന്റെ സൂചകമായ സി-റിയാക്ടീവ് പ്രോട്ടീന്‍ തോത് എല്‍ഡിഎല്‍ വളരെ കുറഞ്ഞവരില്‍ കൂടിയിരിക്കുന്നതായും ഇവര്‍ കണ്ടെത്തി. ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.