യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ള മാസങ്ങളില്‍ പരമാവധി ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ച് അവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.