അബുദാബി: പ്രവാസികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് പ്രതീക്ഷ നൽകുന്നതാണ് ഗോ ഫസ്റ്റ് സർവീസ് പുനരാരംഭിക്കുമെന്ന വാർത്ത. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 3 മുതൽ 12 വരെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 19 ന് ശേഷമുള്ള തീയ്യതികളിൽ സേവനം പുനരാരംഭിക്കാനാണ് ആലോചന. ഗോ ഫസ്റ്റ് നിർത്തിയതോടെ ദുബായ്, അബുദാബി സെക്ടറിൽനിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞിരുന്നു. അബുദാബിയിൽനിന്നു കണ്ണൂർ, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതൽ ദുരിതത്തിലായിരുന്നത്. ഈ സെക്ടറിലേക്ക് പരിമിത സർവീസ് മാത്രമായതാണ് യാത്രാപ്രശ്നം രൂക്ഷമാക്കിയത്. വിവിധ സംഘടനകളും വ്യക്തികളും കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകിയതിന്റെ ഭാഗമായാണ് ഗോ ഫാസ്റ്റ് പുനരാരംഭിക്കുന്നത്.