യു കെ യിലെ ദന്തൽ സംഘം ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ: യു കെയിലെ ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു കെ സംഘം ആരോഗ്യ മന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യു.കെ കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. യു.കെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും, നാഷണൽ ഹെൽത്ത് സർവീസിൽ നിന്നും മുതിർന്ന പ്രധിനിധികൾ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജും സംഘവും യുകെയിൽ നടത്തിയ ചർച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കാൻ തടസമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആരോഗ്യ മന്ത്രി സംഘത്തോട് അഭ്യർത്ഥിച്ചു. യു.കെയിൽ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറൽ ദന്തൽ കൗൺസിൽ നടത്തുന്ന ഓവർസീസ് രജിസ്ട്രേഷൻ എക്സാം (ഒ ആർ ഇ) വിജയിക്കേണ്ടതായിട്ടുണ്ട്. വർഷാവർഷം നൂറുകണക്കിന് ബി.ഡി.എസ്, എം.ഡി.എസ് ബിരുദധാരികൾ ഒ.ആർ.ഇ.യിൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഒ.ആർ.ഇ.യ്ക്ക് കൂടുതൽ സ്ലോട്ടുകൾ അനുവദിക്കുക, പരീക്ഷാ ഫീസ് മെഡിക്കൽ മേഖലയിലെ ലൈസൻസിംഗ് പരീക്ഷയായ പ്ലാബിന് സമാനമായി കുറയ്ക്കുക, പാർട്ട് ഒന്ന് പരീക്ഷാ കേന്ദ്രം കേരളത്തിൽ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത്. യു.കെ സർക്കാരിനോട് ചർച്ച ചെയ്ത് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് യു.കെ സംഘം അറിയിച്ചു.