റിയാദ്: സൗദിയിൽ മരുന്നു കമ്പനികൾ നൽകുന്ന സൗജന്യ സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം. സൗദി നാഷനൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷന്റെ പ്രഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. മരുന്നു കമ്പനികളുമായി ഇടപെടുമ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രൊഫഷണൽ നിയന്ത്രണങ്ങളും കമ്മിറ്റി വിശദീകരിച്ചു. ആശുപത്രി അധികൃതർ സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളിലും മേഖലകളിലും പ്രവേശിക്കുന്നത് തടയണം. മരുന്നു കമ്പനികളുടെ പ്രതിനിധികൾ സമ്മാനങ്ങളും മറ്റും വിതരണം ചെയ്യുന്നത് തടയാൻ ആരോഗ്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും. പുതിയ കമ്പനിയുടെ മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ ഫാർമസിയിൽ വിൽക്കുന്നതിന് മുമ്പ് സ്വതന്ത്ര സമിതിയുടെ അനുമതി വാങ്ങണം. ആർക്കും പ്രത്യേക താൽപര്യങ്ങൾ പാടില്ലെന്ന നിബന്ധനയും ഇതിലുണ്ട്. വിവിധ മരുന്നു കമ്പനികളിൽ നിന്നും മെഡിക്കൽ വ്യവസായങ്ങളിൽ നിന്നും ഏതെങ്കിലും പ്രത്യേക അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്.