കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തിനു കരൾമാറ്റശാസ്ത്രക്രിയ വൈകിയതല്ല കാരണമെന്ന് അവരെ ചികിൽസിച്ചിരുന്ന രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ അറിയിച്ചു. ശാസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സുബിയുടെ ആരോഗ്യനില മോശമായതാണ് ശസ്ത്രക്രിയ വൈകാൻ കാരണമായത്. കരൾദാതാവിനെ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡ് ചേർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയപ്പോൾതന്നെ സുബി ചികിത്സയോട് പ്രതികരിക്കാതെ വരികയും നില ഗുരുതരമാവുകയും ചെയ്തു. ആദ്യം വൃക്കയെയും പിന്നീട് ഹൃദയത്തെയും ബാധിച്ചു. ഹൃദയസംബന്ധമായ തകരാർ കൊണ്ടാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.