അബുദാബി: യുഎഇയിലെ അജ്മാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബംങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതിനാൽ താമസക്കാരെ ഒഴിപ്പിച്ചു. രണ്ട് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുക ശ്വസിച്ച് അവശരായ ഒന്‍പത് പേര്‍ക്ക് ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.