ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. 183.8 സ്കോർ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ ആരോഗ്യ ചെലവ്, ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയർന്നുവെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകൾ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക് (MMR), ഒരു ലക്ഷം പേർക്ക് എന്ന കണക്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരും സർക്കാർ ആശുപത്രികളും, ശരാശരി രോഗികൾ, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സർക്കാർ ആശുപത്രിയിലേയും കിടക്കകൾ, ആയുർദൈർഘ്യം എന്നിങ്ങനെയുള്ള വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണ നിരക്ക് കേരളത്തിലാണ്. വൈദ്യസഹായം കൂടാതെയുള്ള കേരളത്തിലെ പ്രസവം തീരെ കുറവാണ്. ഇത് ദേശീയ ശരാശരിയായ 7.8 ആകുമ്പോൾ കേരളത്തിൽ 0.1 മാത്രമാണ്. കോവിഡ്-19 മഹാമാരിയേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു.
ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡിന് ശേഷമുള്ള സങ്കീർണതകൾ നേരിടാൻ ശ്രദ്ധിച്ചു. സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കുകയും ഓപ്പറേഷൻ തിയേറ്ററുകളും ഐസിയുകളും നവീകരിക്കുന്നതിൽ വലിയ നിക്ഷേപം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.