ഇന്ന് മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 64.5 മില്ലി മീറ്റർ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശവും നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബർ രണ്ട് മുതൽ നാല് വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചില അവസരങ്ങളിൽ 60 കി.മീ വരെ ശക്തിയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് ജില്ലകള്‍;

ഒക്ടോബര്‍ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 3: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 4: പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.