ഹൈഡ്രോകാർബൺ മേഖലയിൽ ഉഭയകക്ഷി, ബഹുതല സഹകരണം വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ബഹ്റൈനും. ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ബഹ്റൈൻ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി സാദ്ധ്യതകൾ ഇർച്ച ചെയ്തു.
ദ്രവ മെഡിക്കൽ ഓക്സിജൻ നൽകി രണ്ടാം തരംഗം നേരിടാൻ ഇന്ത്യയെ പിന്തുണച്ച ബഹ്റൈന് ഹർദീപ് സിങ് പുരി നന്ദി അറിയിച്ചു. ബഹ്റൈന് കോവിഷീൽഡ് വാക്സിൻ ലഭ്യമാക്കിയതിന് ബഹ്റൈൻ മന്ത്രിയും നന്ദി രേഖപ്പെടുത്തി. ഇന്ത്യ സന്ദർശിക്കുന്നതിനായി മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ രാജ്യത്തേക്ക് ക്ഷണിച്ചു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും കോവിഡ് വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെയും ഇരു മന്ത്രിമാരും പ്രകീർത്തിച്ചു.