പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇന്ന് ലഖ്നൗവില്‍ ചേരുന്ന നാല്പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണോ എന്നത് പ്രധാന ചര്‍ച്ചയായേക്കും. രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുന്നത്.
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും സംസ്ഥാനങ്ങളിലേയും പ്രതിനിധികളാണ് കൗണ്‍സിലില്‍ അംഗമായിട്ടുള്ളത്. കേരളത്തില്‍ നിന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കും. കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണോ എന്നത് കൗണ്‍സില്‍ പരിശോധിക്കുന്നത്.
വെളിച്ചെണ്ണയുടെ ജിഎസ്ടി ഉയര്‍ത്തുന്നതും യോഗം പരിഗണിച്ചേക്കും. ഇതില്‍ കേരളം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.