കർണ്ണാടകയിലെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കേരളത്തിൽ നിന്ന് കർണ്ണാടകയിലെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ആണ് കരുതേണ്ടത്. വാക്‌സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്നവർക്കും കർണാടക സർക്കാർ അനുമതി റദ്ദാക്കി.

ജില്ലാ അതിർത്തികൾക്ക് പുറമെ റെയിൽവേ സ്റ്റേഷൻ,വിമാനത്താവളം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയതായി കർണാടക ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ഉത്തരവുണ്ട്.