കമ്പനികളിൽ നിന്ന് കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും.
വാക്‌സിൻ നൽകുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാക്കും. 18 വയസു മുതൽ 45 വയസു വരെയുള്ളവർക്ക് മേയ് ഒന്നു മുതൽ ആരംഭിക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകും. അസുഖമുള്ളവർക്ക് മുൻഗണന നൽകും. മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ കൂടുതൽ പേർക്കും എടുത്തത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കും.
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം വരുന്നവർക്ക് മാത്രമായിരിക്കും വാക്‌സിനെടുക്കാനാവുക. നേരത്തെ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ നൽകാൻ പൊതുധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാനും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷൻ സെഷനുകൾ ക്രമീകരിക്കും. വാക്‌സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും. ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ 4 പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്.
കോവിഡിനൊപ്പം ആശുപത്രികളിൽ മറ്റു ചികിത്‌സകളും നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ജില്ലാ കളക്ടർമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക്ക് ഫോഴ്‌സ് സംവിധാനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടിന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക്ക് ധരിക്കണം. കാറുകളിൽ യാത്ര ചെയ്യുന്നവരും മാസ്‌ക്ക് ധരിക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.