കോവിഡ് : രാജ്യത്ത് രണ്ടാമത്തെ മരണം

ഡൽഹിയിൽ കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 68 വയസുകാരി മരിച്ചു. ഇതോടെ രാജ്യത്ത് രണ്ട് പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഡൽഹിയിൽ ആറാമത് കോവിഡ് ബാധ സ്ഥിരീകരിച്ച രോഗിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 42000 പേർ ഇന്ത്യയിൽ നിരീക്ഷണത്തിലാണ്.

123 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗ ബാധയ്‌ക്കെതിരെ ജാഗ്രതയും നിരീക്ഷണവും കൂടുതൽ ശക്തിപ്പെടുത്തി. ഇന്നലത്തെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നിലവിൽ 19 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയിരുന്നു. ഇവരിൽ 3 പേർ രോഗ മുക്തരായിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 5468 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 5191 പേർ വീടുകളിലും 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ള 1715 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1132 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക് പേജിൽ നിന്നാണ് കോവിഡ് 19 ബാധയെ കുറിച്ചുള്ള പുതിയ റീപ്പോർട്ടുകൾ ലഭിച്ചത്.