മന്ത്രിമാരുടെ വിദേശ യാത്രകളെയും മന്ത്രി കെഎം ഷാജി ആഢംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. ഞാനാണ് വിദേശ യാത്രയ്ക്ക് പോയിട്ടുവാ എന്ന് പറഞ്ഞത്. ഈ യാത്രകളില്‍ സര്‍ക്കാരിന് ചിലവില്ല. ഇടത് കാലത്തെ യാത്ര കണക്ക് വായിക്കാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ മലപ്പുറത്തേക്കുള്ള ചാര്‍ട്ടേര്‍ഡ് യാത്രയ്ക്ക് പിന്നിലെ സ്‌പോണ്‍സര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കില്‍ ആറുപേര്‍ മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തുതന്നു. അതിലെന്ത് തെറ്റാണെന്ന് അദ്ദേഹം ചോദിച്ചു.
മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്ത ഫൈ്‌ളറ്റിലാണ് പോയത്. ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി പോയത് ആരുടെ വിമാനത്തിലാണെന്ന് പ്രതിപക്ഷത്തുള്ളപ്പോള്‍ താന്‍ ചോദിച്ചിട്ടില്ല. ഇനിയും താന്‍ പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.



















