പി.എസ്.സി ഒഴിഞ്ഞുമാറാനാവില്ല, അന്വേഷണവുമായി സഹകരിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി

പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലില്‍ ഹാജരാകുന്നതിന് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിന് കൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ചെയര്‍മാനും അംഗങ്ങളും മടികാണിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സിയുടെ നിലപാടില്‍ നിയമോപദേശം തേടിയശേഷമായിരിക്കും ഇനി അന്വേഷണ സംഘത്തിന്റെ തുടര്‍ നീക്കങ്ങള്‍.

നിയമസഭാ സമിതി വിളിച്ച യോഗത്തില്‍ കമ്മീഷന്‍ സെക്രട്ടറി പേകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തില്‍ നിന്നും പിഎസ്‌സി അകലം പാലിക്കുന്നത്. എന്നാല്‍ പി.എസ്.സിയുടെ ഈ നീക്കമാണ് മുഖ്യമന്ത്രി തടഞ്ഞത്. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണവുമായി സഹകരിച്ചേ മതിയാകു, ആര്‍ക്കും പ്രത്യേകമായ അവകാശങ്ങളൊന്നുമില്ല. പിഎസ്‌സി ചെയര്‍മാന്‍ എന്നത് പ്രത്യേക പദവി ഒന്നുമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.