സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ വൈകുന്നേരം 5.30 വരെ .1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.