അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ( സി.സി.ആർ.സി ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് ആയിട്ടുണ്ട്. എങ്കിലും വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നു.
ഇതിൽ ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലാണ് അർബുദത്തെ പൊതുവേ കാണുന്നത്. എല്ലാ അർബുദ രോഗങ്ങളും ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ഭൂരിഭാഗം കേസുകളും ആ ഗണത്തിൽ പെടുന്നവയാണ്.
ജീവിതശൈലിയിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നാം ഓരോരുത്തരും തയ്യാറാകണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങൾ പിന്തുടരാൻ നമുക്ക് കഴിയണം. ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി തന്നെ രോഗപ്രതിരോധത്തെ കാണണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിനും നാടിനും ഭീഷണിയായി തുടരുന്ന അർബുദം പോലുള്ള പല രോഗങ്ങളെയും ഫലപ്രദമായി നേരിടാൻ കഴിയൂ.
രോഗമുണ്ടായതിനുശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗ പ്രതിരോധത്തിനും മുൻകൂട്ടിയുള്ള രോഗ നിർണയത്തിനും സർക്കാർ കൂടുതൽ ഊന്നൽ നൽകുകയാണ്. അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധവും ഏകോപനവും ഉറപ്പാക്കണം. അതിനായി സർക്കാർ തലത്തിൽ ക്യാൻസർ കൺട്രോൾ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
അർബുദ രംഗത്ത് കേരളത്തിൽ ആദ്യം ഉണ്ടായിരുന്ന പ്രധാന ചികിത്സാ കേന്ദ്രം തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്റർ ആയിരുന്നു. പിന്നീട് മലബാർ ക്യാൻസർ സെന്ററും നിലവിൽ വന്നു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ മധ്യകേരളത്തിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ യാഥാർത്ഥ്യമായിരിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.



















