ശബരിമല സ്വര്‍ണക്കൊള്ള യു.ഡി.എഫിലേയ്ക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കും മുന്‍ യു.ഡി.എഫ് ഭരണസമിതിക്കും കുരുക്ക് മുറുകുന്നു. നിയമപ്രകാരമാണ് വാജീവാഹനം തന്ത്രിക്ക് കൈമാറിയതെന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിലപാട് പൊളിച്ചുകൊണ്ട് മുന്‍ ദേവസ്വം ഉത്തരവ് പുറത്തുവന്നതോടെയാണ് കേസ് യു.ഡി.എഫിന് നേരെ തിരിഞ്ഞത്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം ഉത്തരവ്.

2012ലാണ് ദേവസ്വം ഉരുപ്പടികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ് യു.ഡി.ഫ് ഭരണകാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്.

പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ട സാഹചര്യം വരികയാണെങ്കില്‍ അത് ദേവസ്വത്തിന്റെ സ്വത്ത് തന്നെയാണെന്നും അത് ആര്‍ക്കും കൊണ്ടുപോവാന്‍ അവകാശമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ സര്‍ക്കുലര്‍ എല്ലാ ഓഫീസുകളിലേക്കും എത്തിയിട്ടുള്ളതുമാണ്. ശബരിമലയ്ക്ക് മാത്രമല്ല ഈ ഉത്തരവ് ബാധിക്കുന്നത്. മറിച്ച്, തിരുവിതാംകൂര്‍ ബോര്‍ഡുകളിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കുന്ന കാര്യമാണ്. ക്ഷേത്രങ്ങളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ മാറ്റി വെക്കുമ്പോള്‍ അത് പുറത്തേക്ക് കൊണ്ടുപോവാനാവില്ലെന്നും പൊതു സ്വത്തായി കാണണമെന്നുമാണ് ഉത്തരവിലുള്ളത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം.