അസുഖം വന്നാൽ ഡോക്ടറെ സമീപിച്ച്, അത് മാറാനുള്ള മരുന്ന് കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ മരുന്ന് കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മരുന്ന് കഴിക്കുന്ന രീതിയിലെ വ്യത്യാസം രോഗം മാറാനെടുക്കുന്ന സമയത്തിൽ പ്രതിഫലിക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മരുന്ന് കഴിക്കാൻ പച്ച വെള്ളമാണോ ചൂടു വെള്ളമാണോ ഉപയോഗിക്കുന്നതെന്ന് ആരും അത്ര ശ്രദ്ധിക്കാറില്ല. എന്നാൽ മരുന്ന് രക്തത്തിലേക്ക് വേഗത്തിൽ എത്താനും രോഗശമനത്തിനും ഇളം ചൂടുവെള്ളത്തിനൊപ്പം കഴിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. മരുന്ന് ആമാശയത്തിലെത്തുകയും അത് അലിഞ്ഞ് അതിനുള്ളിലെ ഘടകങ്ങൾ നമ്മുടെ രക്തപ്രവാഹത്തിലേക്ക് ചേരുകയും ചെയ്യുമ്പോഴാണ് രോഗം മാറി തുടങ്ങുക. ഈ പ്രക്രിയയെ ഫലപ്രദമാക്കാൻ ഇളം ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് തൊണ്ടയിലും അന്നനാളിക്കും ഉണ്ടാകുന്ന അസ്വസ്ഥത ലഘൂകരിക്കാനും ഉപകാരപ്രദമാണെന്നും വിദഗ്ധർ പറയുന്നു. മരുന്നിനൊപ്പം അല്ലെങ്കിലും വയറിലെയും കുടലിലെയും പേശികളെ റിലാക്‌സ് ആക്കാനും ഇവിടേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനത്തെ കാര്യക്ഷമമാക്കാനും ഇളം ചൂട് വെള്ളം ശീലമാക്കുന്നത് നല്ലതാണ്. എന്നാൽ വെള്ളത്തിന്റെ താപനിലയിൽ ശ്രദ്ധിക്കണം. ചൂടു ഒരുപാട് കൂടിപ്പോയാലും മരുന്നിലെ ചില ഘടകങ്ങൾ നശിക്കാം. ഇത് മരുന്നിന്റെ ഗുണഫലം ശരീരത്തിന് ലഭിക്കുന്ന സാഹചര്യം കുറയ്ക്കും. മാത്രമല്ല, പാൽ, ചായ, കാപ്പി, ജ്യൂസ് പോലുള്ളവയ്‌ക്കൊപ്പം മരുന്ന് കഴിക്കുന്നതും മരുന്നിന്റെ ഗുണഫലം കുറയ്ക്കും.



















