അരിയിൽ അടങ്ങിയ കാർബോഹൈഡ്രേറ്റാണ് കുടവയറിന് പിന്നിലെ പ്രധാന വില്ലൻ

അരിയിൽ അടങ്ങിയ കാർബോഹൈഡ്രേറ്റാണ് കുടവയറിന് പിന്നിലെ പ്രധാന വില്ലൻ. ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കൂടുമ്പോൾ അത് കൊഴുപ്പായി വയറ്റിൽ അടിഞ്ഞു കൂടുന്നു, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റിൽ നിന്ന് ഒഴിവാക്കിയാലും കുടവയർ കുറയണമെന്നില്ല. കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊർജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്. കലോറി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉണ്ടെങ്കിൽ അമിതവണ്ണം കുറയണമെന്നില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് പ്രധാനം. തവിടോട് കൂടിയ അരി അല്ലെങ്കിൽ കുത്തരി കഴിക്കുന്നതാണ് വെള്ളയരിയെക്കാൾ നല്ലത്. വെള്ളയരി പ്രോസസ് ചെയ്യുമ്പോൾ അവയുടെ പോഷകഗുണം നഷ്ടമാകാനും കാർബോഹൈഡ്രേറ്റ് മാത്രമാകാനും സാധ്യതയുണ്ട്. പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ ചോറ് കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവില്ല, പ്രമേഹ രോഗികൾക്കും ഇത് സുരക്ഷിതമാണ്. അരി ഗ്ലൂട്ടൻ ഫ്രീയാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.