അജ്ഞാത വൈറസ് രോഗ ബാധ റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ

നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥയ്ക്ക് കാരണമാകുന്ന അജ്ഞാത വൈറസ് രോഗ ബാധ റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ. മാർച്ച് 29 നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഫെഡറൽ ഏജൻസികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ടെലിഗ്രാം വാർത്താ ചാനലായ ഷോട്ട് ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. കടുത്ത പനിയും കഠിനമായ ചുമയും ശരീരവേദനയും രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയും ചിലർക്ക് അനുഭവപ്പെടുന്നുവെന്നും ഇൻഫ്ലുവൻസ, കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നുമായിരുന്നു പുറത്തുവിട്ട റിപ്പോർട്ട്. സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഉറവിടം വ്യക്തമാകാത്ത അക്യൂട്ട് അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് അണുബാധയെന്നാണ് ഡോക്ടർമാർ രോ​ഗനിർണയം നടത്തിയതെന്നും റിപ്പോർട്ട് ചെയ്തു. ചുമ കാരണം വാരിയെല്ലുകൾ വേദനിക്കുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കില്ല. മരുന്നുകൾ പോലും എന്നെ രോഗിയാക്കുന്നു എന്ന് ഒരു ടെലിഗ്രാം ഉപയോക്താവ് അനുഭവം പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിലേറെയായി ചുമ നീണ്ടുനിൽക്കുകയാണെന്നും ഏകദേശം 3 ആഴ്ചയായി പനി ഉണ്ടെന്നും മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി. എന്നാൽ അജ്ഞാത വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ റഷ്യൻ ആരോഗ്യ വിഭാഗം തള്ളിക്കളഞ്ഞു. രാജ്യത്ത് പുതിയ രോഗകാരികളെയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മൈകോപ്ലാസ്മ ന്യുമോണിയ ഉൾപ്പെടെയുള്ള സാധാരണ ശ്വാസകോശ അണുബാധകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് റഷ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യൻ ഫെഡറേഷനിൽ പുതിയതോ തിരിച്ചറിയപ്പെടാത്തതോ ആയ ഒരു വൈറസ് ബാധ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് റഷ്യയുടെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റോസ്‌പോട്രെബ്നാഡ്‌സർ പുതിയ വൈറസ് സാന്നിധ്യം തള്ളി കളയുമ്പോഴും പൊതുജന ആശങ്ക ഒഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.