ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ദ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി നടത്തിയ പഠനത്തിൽ അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിവിധ ആശുപത്രികളിലായി പരിശോധനക്കെത്തിയ 2,57,199 പേരുടെ വിവരങ്ങളാണ് വിലയിരുത്തിയത്. ഇതിലേറ്റവും ആശങ്കയുയർത്തുന്നത് കരളിലെ കൊഴുപ്പിന്റെ പ്രശ്നമാണ്. വിലയിരുത്തിയതിൽ 65 ശതമാനം പേരും കരളിൽ കൊഴുപ്പ് അധികമായുള്ളവരാണ്. ഇതിൽത്തന്നെ 85 ശതമാനവും മദ്യോപയോഗമില്ലാത്തവരാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഒരു ലക്ഷണവുമില്ലാത്ത ഹൃദയസ്തംഭനം വന്നവർ 40 ശതമാനമാണ്. ആർത്തവവിരാമത്തെത്തുടർന്നുള്ള ആരോഗ്യനിലയും ആശങ്കയാകുന്നുണ്ട്. ഇതിൽ പ്രമേഹം വന്നവർ അഞ്ചുവർഷംകൊണ്ട് 14-ൽനിന്ന് 40 ശതമാനത്തിലേക്കാണ് വളർന്നത്. ഇക്കൂട്ടരിലെ അമിതവണ്ണക്കാരുടെ വളർച്ച പത്തുശതമാനമാണ്. വൈറ്റമിൻ-ഡി യുടെ കുറവ് 75 ശതമാനത്തിന് മുകളിലാണ്. കോളേജ് വിദ്യാർഥികളുടെ ആരോഗ്യപ്രതിസന്ധിയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.