സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ചയും കനത്ത വേനല്‍മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചക്കു ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച പെയ്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടു കാരണം വാഹനങ്ങളിലെ കാഴ്ച മങ്ങാൻ സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി.