ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. റേഡിയേഷന്‍ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആര്‍.ടി. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, മറ്റ് കാന്‍സര്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്കാണ് സാധാരണ എസ്.ജി.ആര്‍.ടി. ചികിത്സ നല്‍കുന്നത്. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷന്‍ ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നതാണ്. ശരീരത്തില്‍ ടാറ്റൂ ചെയ്ത് മാര്‍ക്കിട്ടാണ് സാധാരണ റേഡിയേഷന്‍ നല്‍ക്കുക. ഈ ടാറ്റു സ്ഥിരമായി ശരീരത്തില്‍ കാണുന്നതിനാല്‍ അത് പലര്‍ക്കും മനോവിഷമം ഉണ്ടാക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഈ നൂതന ചികിത്സയില്‍ സാധാരണ റേഡിയേഷനില്‍ പോലെ ടാറ്റു ചെയ്യേണ്ട ആവശ്യമില്ല. ത്രീഡി ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ഉപരിതലം നിരീക്ഷിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് തത്സമയം കണ്ടെത്താനും ഉടനടി പരിഹരിക്കാനും സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.