വലതുകാലിലെ ഇടുപ്പെല്ലിനേറ്റ ക്ഷതം അറുപത്തിമൂന്നാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ മാറ്റി സർക്കാർ ആശുപത്രി

പതിമൂന്നാം വയസ്സിൽ വീഴ്ചയെത്തുടർന്ന് വലതുകാലിലെ ഇടുപ്പെല്ലിനേറ്റ ക്ഷതം അറുപത്തിമൂന്നാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ മാറ്റി സർക്കാർ ആശുപത്രി. ആറ്റിങ്ങലിലെ ഗിരിജയ്ക്കാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ ചികിത്സയിലൂടെ പുതിയ ജീവിതം ലഭ്യമായത്. ഇടുപ്പെല്ല് പൂർണമായും മാറ്റിവെച്ചുകൊണ്ടുള്ള ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് എന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഫെബ്രുവരി 28-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറുപ്പത്തിൽ സംഭവിച്ച വീഴ്ചയുടെ ആഘാതത്താൽ വലതുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിലായിരുന്നു. ആവശ്യമായ മറ്റു പരിശോധനകൾക്ക് ശേഷം മാർച്ച്‌ 5ന് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇംപ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, റൂമിലെ താമസം എന്നിവയെല്ലാം പൂർണമായും സൗജന്യമാക്കിയതായി സൂപ്രണ്ട് ഡോ. കെ. സുദീപ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ പരിചരണത്തിന് ശേഷം വ്യാഴാഴ്ച വൈകീട്ടോടെ മെഡിക്കൽ കോളേജ് അധികൃതരുടെ അഭ്യർഥനപ്രകാരം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിൽ ഗിരിജ സ്വദേശത്തേയ്ക്ക് മടങ്ങി.