ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ 419 പേരെയാണ് അജ്ഞാതരോഗം ബാധിച്ചത്. ബൊളോകോ പട്ടണത്തില്‍ വവ്വാലിനെ തിന്ന 3 കുട്ടികളിലാണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി കുട്ടികള്‍ മരിച്ചു. ഈ മാസം 9 ന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധയും മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. ഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് വ്യക്തമാക്കി. രോഗകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവികളെ ആഹാരമാക്കുന്ന പ്രദേശങ്ങളില്‍ ജന്തുക്കളില്‍ നിന്ന് രോഗാണുക്കളും രോഗവും മനുഷ്യരെ ബാധിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.