പ്രയാഗ്‌രാജിലെ ഗംഗാജലത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്ത്

പ്രയാഗ്‌രാജിലെ ഗംഗാജലത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോർട്ട് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. നദീജലത്തിലെ മാലിന്യം കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്യുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഫീക്കല്‍ കോളിഫോം. മനുഷ്യ-മൃഗ വിസര്‍ജ്യത്താല്‍ ജലം മലിനീകരിക്കപ്പെട്ടു എന്നാണ് ജലത്തില്‍ ഇതിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. എല്ലാ കോളിഫോം ബാക്ടീരിയകളും രോഗാണുക്കളല്ല. എന്നാല്‍ ഇതിന്റെ സാന്നിധ്യം- ജലത്തില്‍ രോഗകാരികളായ മറ്റ് വൈറസുകള്‍, സാല്‍മൊണല്ല, ഇ-കൊളി എന്നിവ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മഹാകുംഭമേളയില്‍ പ്രയാഗ്‌രാജിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച ജലത്തില്‍ പരിധിവിട്ട അളവില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ വെള്ളത്തില്‍ കുളിക്കുന്നതിലൂടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇ കോളി, സാല്‍മൊണല്ല എന്നീ രോഗാണുക്കള്‍മൂലം വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കണ്ണിലും ത്വക്കിലും അണുബാധയുണ്ടാകാം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. മലിനജലം ഉള്ളിലെത്തുകവഴി ശ്വാസകോശസംബന്ധിയായ അണുബാധയും ഉണ്ടായേക്കാം.