പൊട്ടിപ്പോയ എല്ലുകളെ കൂട്ടിയോജിപ്പിക്കാൻ നൂതന സംവിധാനവുമായി ശ്രീചിത്ര മെഡിക്കല്‍ സയന്‍സ്

പൊട്ടിപ്പോയ എല്ലുകളെ കൂട്ടിയോജിപ്പിക്കാൻ നൂതന സംവിധാനവുമായി ശ്രീചിത്ര മെഡിക്കല്‍ സയന്‍സ്. വീഴ്ചയിലോ അപകടത്തിലോ പൊട്ടിപ്പോയ അസ്ഥിയെ കൂട്ടിയിണക്കാനുള്ള ബോണ്‍ ഗ്രാഫ്റ്റിങ് ഉത്പന്നങ്ങളാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ചത്. ശസ്ത്രക്രിയാസമയത്ത് രോഗിക്ക് മെറ്റാലിക് പ്ലേറ്റോ അസ്ഥിയുടെ ഭാഗമോ വെച്ചുപിടിപ്പിക്കാറുണ്ട്. ഇതിനൊപ്പം ഗോളാകൃതിയിലുള്ള കൃത്രിമ ‘ബോണ്‍ ഗ്രാഫ്റ്റ്’ ഡോക്ടര്‍മാര്‍ ഉപയോഗിക്കാറുണ്ട്. രോഗി സുഖംപ്രാപിക്കുമ്പോള്‍ ഇവ ശരീരത്തില്‍നിന്ന് നീക്കംചെയ്യും. ഇത്തരം ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടാകാനിടയുണ്ട്. കൃത്രിമ ബോണ്‍ ഗ്രാഫ്റ്റിങ്ങിന് പകരം അസ്ഥിയിലെ അതേ ധാതുവസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതും അണുബാധയുണ്ടാക്കാത്തതുമായ തരികളാണ് ശ്രീചിത്ര വികസിപ്പിച്ചത്. ബോണിക്സ്, കാസ്പ്രോ ഇവയുടെ എന്നിങ്ങനെയാണ് പേര്. ശസ്ത്രക്രിയാസമയത്ത് ഈ തരികള്‍ അസ്ഥിയുടെ വിടവില്‍ നിക്ഷേപിക്കും. തരികളിലെ സുഷിരങ്ങളിലൂടെ ദ്രാവകരൂപത്തില്‍ മരുന്നുകള്‍ കടത്തിവിടും. ഇവ അസ്ഥിഭാഗങ്ങള്‍ നീക്കംചെയ്ത സ്ഥലത്ത് അലിഞ്ഞുചേര്‍ന്ന് അണുബാധ കുറയ്ക്കും. വേഗത്തില്‍ അസ്ഥി കൂട്ടിച്ചേര്‍ക്കാനുമാകും. മെറ്റാലിക് പ്‌ളേറ്റുകള്‍ പിന്നീട് നീക്കംചെയ്യേണ്ടിവന്നാലും അസ്ഥിയുടെ അതേ ധാതുവസ്തുക്കള്‍കൊണ്ട് നിര്‍മിച്ച തരികള്‍ നീക്കംചെയ്യേണ്ടിവരില്ല. ബോണിക്സില്‍ എല്ലിനുമേല്‍ നേരിട്ട് മരുന്ന് എത്തിക്കാനുള്ള ബയോസെറാമിക് തരികളാണ്. ഇതിനുള്ളിലെ സൂക്ഷ്മതരികളിലൂടെയാണ് മരുന്ന് എല്ലില്‍ എത്തുന്നത്. രോഗിക്ക് ദീര്‍ഘകാലം ഗുളികയായോ ഇന്‍ജെക്ഷനായോ ആന്റിബയോട്ടിക്കായോ മരുന്ന് കൊടുക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. ജിപ്സം അടിസ്ഥാനമാക്കിയുള്ള ധാതു അടങ്ങിയ ബോണ്‍ സിമന്റാണ് കാസ്പ്രോ. കേടുവന്ന ഭാഗം പുനരുജ്ജീവിപ്പിക്കാനാണ് ഇത് സഹായിക്കുന്നത്. കാസ്പ്രോ സിമന്റില്‍ മരുന്നുകള്‍ പൊടിയായോ ദ്രവമായോ ചേര്‍ക്കാം. രോഗിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഇവയില്‍ ഏത് തരികള്‍ ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം. ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും ഡ്രഗ് കണ്‍ട്രോളറുടെ വിപണനാംഗീകാരം ലഭിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ അനാച്ഛാദനം എസ്.സി.ടി.ഐ.എം.എസ്.ടി. പ്രസിഡന്റ് എസ്. ക്രിസ് ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. സി.എം.സി. വെല്ലൂരിലെ ഡോ. വൃക്ഷ മാധുരി മുന്നോട്ടുവെച്ച ആശയത്തില്‍നിന്നാണ് ഗവേഷണത്തിന്റെ തുടക്കം. ഡോ. ഹരികൃഷ്ണ വര്‍മ, ഡോ. മനോജ് കോമത്ത്, ഡോ. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഡോ. ഈശ്വര്‍ തുടങ്ങിയവരാണ് കണ്ടുപിടുത്തത്തിന് നേതൃത്വം നൽകിയത്.