കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. രോഗം ഡോക്ടര്‍മാര്‍ക്ക് ബാധിച്ചതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു. നിലവില്‍ രാമപുരം പഞ്ചായത്തില്‍ 15 പേര്‍കാണ് രോഗം ബാധിച്ചിരിക്കുന്നത്. പള്ളിയോടു ചേര്‍ന്നുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും കോണ്‍വെന്റിലുള്ളവർക്കുമാണ് രോഗം ആദ്യം ബാധിച്ചത്. പള്ളിയിലെ കിണര്‍ വെള്ളം പരിശോധിച്ചപ്പോള്‍ ഇ കോളി, കോളി ഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ഡിസംബര്‍ മുതലാണ് മഞ്ഞപ്പിത്തം പടരാന്‍ തുടങ്ങിയത്. ജനുവരി രണ്ടാംവാരം അവസാനം പെരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്ക് പള്ളിയില്‍ നിന്ന് വെള്ളം വിതരണം ചെയ്തിരുന്നു. ഇവര്‍ക്കും രോഗം ബാധിച്ചു. വിവരമറിഞ്ഞ് ഗവ. ആശുപതിയില്‍ നിന്ന് ആരോഗ്യവിഭാഗം പരിശോധനക്കെത്തിയപ്പോഴാണ് കിണറ്റിലെ വെള്ളം കുടിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് വ്യക്തമാകിയത്. കിണറ്റിലെയും ഫില്‍റ്ററിലെയും വെള്ളം പരിശോധിച്ചപ്പോള്‍ മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. പള്ളിയുടെ കിണറിനു സമീപത്തുകൂടിയാണ് സെപ്റ്റിക് ടാങ്കിലെക്കുള്ള പൈപ്പ്കടന്നുപോകുന്നത്. ഈ ഭാഗം തുറന്നു പരിശോധിച്ചപ്പോള്‍ മാലിന്യം കിണറ്റില്‍ കലരുന്നതായി കണ്ടെത്തുകയും ചെയ്തു. ചോര്‍ച്ച അടച്ച് വെള്ളം വറ്റിക്കുകയും രണ്ടുതവണ സൂപ്പര്‍ക്ലോറിനേഷൻ നടത്തുകയും ചെയ്തതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. ശേഷം പരിശോധിച്ച 4 സാമ്പിളുകളും ബാക്ടീരിയമുക്തമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പള്ളിക്കിണറ്റിലെ വെള്ളം ഉപയോഗിക്കാത്തവര്‍ക്കും രോഗം ബാധിക്കുന്നുണ്ട്. അവരിൽ നിന്ന് ആരോഗ്യവിഭാഗം വിവരങ്ങള്‍ ശേഖരിക്കുകയാണ്.